യു എ ഇയുടെ സഹിഷ്ണുതയേയും ബഹുസ്വരതയെയും പ്രശംസിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനുവരി 11 ലെ തന്റെ സന്ദർശനത്തിന് മുന്നോടിയായാണ് യു എ ഇയുടെ സഹിഷ്ണുതാ വർഷത്തിന് രാഹുൽ ഗാന്ധി ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ സഹിഷ്ണുത കൊണ്ട് യു എ ഇ ലോകത്തിനാകെ മാതൃകയായി മാറി എന്ന് രാഹുൽ ഡൽഹിയിൽ പറഞ്ഞു. ഇരുന്നൂറോളം ദേശീയതകളെ ഉൾക്കൊള്ളുന്ന ആധുനികവും അതിവേഗം വളരുന്നതുമായ യു എ ഇയുടെ സമ്പദ് വ്യവസ്ഥയിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇ സഹിഷ്ണുതാ വർഷം ആചരിക്കുന്ന അതേ വർഷത്തിൽ ലോകത്തിനു സഹിഷ്ണുതയുടെ പാഠങ്ങൾ പഠിപ്പിച്ച മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികം എത്തിയത് അഭിമാനത്തോടെ നോക്കിക്കാണുന്നതായും അദ്ദേഹം അറിയിച്ചു.