വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തം ഇന്ത്യൻ വികസനത്തിന് അനിവാര്യമാണെന്ന് രാഹുൽ ഗാന്ധി. രണ്ടു വ്യത്യസ്ത ആശയ ഗതികൾ ഇന്ത്യയിൽ ഇപ്പോൾ ഉണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജാതി, മതം തുടങ്ങിയവയുടെ പേരിൽ വിഭജനം അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞു. തൊഴിലില്ലായ്മ ഇന്ത്യയുടെ ശാപമായി തുടരുന്നു. കാർഷിക മേഖല ശിഥിലമായി. ഇവയെല്ലാം നേരേയാക്കണമെന്നത് നമ്മുടെ വെല്ലുവിളി തന്നെയാണെന്ന് രാഹുൽ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബി ദുസിത് താനി ഹോട്ടലിൽ IBPG സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ചെയർമാൻ ബി ആർ ഷെട്ടി ആദ്യം ആമുഖ പ്രഭാഷണം നടത്തി. പിന്നീട് വൈസ് ചെയർമാൻ എം എ യൂസുഫലി സംസാരിച്ചു. സാം പിട്രോഡ, ഹിമാൻഷു വ്യാസ്, എം എ അഷറഫ് അലി, സുധിർ കുമാർ ഷെട്ടി, ശംസീർ വയലിൽ, പ്രമോദ് മാങ്ങാട്, പ്രശാന്ത് മാങ്ങാട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യുഎഇ യിൽ ഹിന്ദു ക്ഷേത്രത്തിന് അനുമതി ലഭിച്ച കാര്യത്തിൽ ഇവിടുത്തെ ഭരണാധികാരികൾ പുലർത്തിയ ഔദാര്യ സമീപനത്തെ ബി ആർ ഷെട്ടി ഓർമിപ്പിച്ചു.
38 ലക്ഷം ഇന്ത്യക്കാർ യുഎ ഇ യിൽ സൗഹൃദത്തോടെ കഴിയുന്ന കാര്യം യൂസുഫലി പ്രസംഗത്തിൽ പരാമർശിച്ചു.
രാഹുൽ ഗാന്ധിയുടെ സന്ദർശനം വിജയകരമാക്കിയ എല്ലാവർക്കും സാം പിട്രോഡ നന്ദി പറഞ്ഞു. ഇന്ത്യ എന്ന വികാരമാണ് നമ്മുടെ സാമാന്യ ബന്ധുത്വം എന്ന് പറഞ്ഞ സാം പിട്രോഡ, കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി.