അബുദാബിയിൽ വീണ്ടും ക്വാറന്റീൻ നിയമങ്ങൾ പുതുക്കി. കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് ഐസൊലേഷന്‍, ക്വാറന്റൈന്‍ നിബന്ധനകള്‍ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ പുതുക്കിയത്. കൊവിഡ് ബാധിതരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും സ്വീകരിക്കേണ്ട മാര്‍ഗരേഖയുമായി സമൂഹ മാധ്യമങ്ങളില്‍ കാംപെയ്ന്‍ ആരംഭിച്ചു.
പിസിആര്‍ പരിശോധനാ ഫലം പോസിറ്റീവായാല്‍ ഏറ്റവും അടുത്തുള്ള സേഹ ഡ്രൈവ് ത്രൂ സ്‌ക്രീനിങ് കേന്ദ്രത്തിലെത്തി പുനഃപരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കില്‍ 24 മണിക്കൂറിനു ശേഷം വീണ്ടും പിസിആര്‍ എടുത്ത് ഫലം നെഗറ്റീവ് ആണെങ്കില്‍ സാധാരണ ജീവിതം തുടരാം. ആദ്യ പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം നേരിയ മുതല്‍ ഗുരുതര രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള പ്രൈം അസസ്‌മെന്റ് സെന്ററിലേക്ക് പോകണം.
തുടര്‍ച്ചയായ രണ്ടാമത്തെ പരിശോധനയിലും ഫലം പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ സൗകര്യം ഉള്ളവര്‍ക്ക് വീട്ടില്‍ കഴിയാം. അല്ലാത്തവരെ പൊതുക്വാറന്റൈനിലേക്കും ഗുരുതര ലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും മാറ്റും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ അവസാനത്തെ 2 ദിവസം (8,9) പരിശോധനയില്‍ നെഗറ്റീവ് ആകണം. അല്ലെങ്കില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ കാലയളവില്‍ അവസാന 3 ദിവസം രോഗമില്ലാതെ പൂര്‍ത്തിയാക്കണം.
കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ലഭിച്ച എസ്എംഎസ് നിര്‍ദേശം പ്രകാരം, പ്രൈം അസസ്‌മെന്റ് കേന്ദ്രത്തിലെ ക്ലോസ് കോണ്‍ടാക്ട് വിഭാഗത്തിലെത്തി പരിശോധന നടത്തണം. നെഗറ്റീവ് ഫലം ലഭിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആറാം ദിവസം വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തി ഏഴാം ദിവസം ക്വാറന്റൈന്‍ അവസാനിപ്പിക്കാം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസമാണ് ക്വാറന്റൈന്‍. ഒമ്പതാം ദിവസം പിസിആര്‍ ഫലം നെഗറ്റീവായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.
കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ഫലം പോസിറ്റീവായാല്‍ വീണ്ടും ഇവിടെയെത്തി ഐസൊലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. രോഗലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമുണ്ടെങ്കില്‍ മാത്രം വീട്ടിലേക്ക് മടങ്ങാം. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. പ്രത്യേക ശുചിമുറി ഉപയോഗിക്കണം. രോഗമില്ലാതെ ഒരേ വീട്ടില്‍ കഴിയുന്ന മറ്റുള്ളവര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കണം.