കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും മറ്റു പിഴകൾ ഇടാക്കാനും തീരുമാനിച്ചതായി അജ്മാൻ അധികൃതര്‍ തീരുമാനിച്ചു. 10 ദിവസം വരെയുള്ള ശമ്പളം വെട്ടിക്കുറക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മാസ്ക് ധരിക്കാതിരിക്കുക, ഹസ്തദാനം ചെയ്യൽ, സാമൂഹിക അകലം പാലിക്കാതിരിക്കുക, കൂട്ടം കൂടി നിൽക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആണ് നടപടി സ്വീകരിക്കുക. ശമ്പളം നൽകില്ലെന്ന് മാത്രമല്ല മറ്റ് പിഴകളും നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അജ്മാന്‍ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് ആണ് സർക്കാർ സ്ഥാപനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് സർക്കുലർ അയച്ചിരിക്കുന്നത്. സർക്കുലറിൽ നിയമങ്ങളും അവയുടെ പിഴകളും വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നത് കണ്ടെത്തിയാൽ ആദ്യം രേഖാമൂലം മുന്നറിയിപ്പ് നൽകും. ആവർത്തിച്ചുള്ള ലംഘനം വീണ്ടും കണ്ടെത്തിയാൽ ആദ്യം ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറക്കും. വീണ്ടും ആവര്‍ത്തിക്കുന്നതായി കണ്ടാല്‍ മറ്റു നടപടികളിലേക്ക് നീങ്ങും.