ഇന്ത്യയുടെ ഗായിക ഇതിഹാസം ലതാമങ്കേഷ്‌കർ അന്തരിച്ചു, 92 വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു ലതാ മങ്കേഷ്കർ.
ജനുവരി പതിനൊന്നിനാണ് 92 വയസ്സുകാരിയായ ലതാ മങ്കേഷ്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചതിനെയും അവർ ഇടയ്ക്ക് അപകടനില തരണം ചെയ്തിരുന്നു. എന്നാൽ ഇന്നലെ ആരോഗ്യനില മോശമാകുകയായിരുന്നു.ഇന്ന് രാവിലെ 8:12 നാണ് മരണം സ്ഥിരീകരിച്ചത്.
പ്രശസ്ത ഗായിക ആശ ഭോസ്‌ലെ സഹോദരിയാണ്. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് വലിയൊരു ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്.
പതിമൂന്നാം വയസില്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇന്ത്യയുടെ വാനമ്പാടി എന്നാണ് ലതാ മങ്കേഷ്‌കറെ വിശേഷിപ്പിക്കുന്നത്. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങള്‍ ഗായികയെ തേടിയെത്തിയിട്ടുണ്ട്. അച്ഛനില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അഞ്ചാം വയസ്സില്‍ അച്ഛന്റ സംഗീതനാടകങ്ങളില്‍ ബാലതാരമായി ലത അരങ്ങിലെത്തി.