കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന 72 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി പരിഷ്കരിച്ചു. പട്ടികയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ ഇല്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. മറ്റു രാജ്യക്കാർക്ക് 10 ദിവസമാണു ക്വാറന്റീൻ.
യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം വേണം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും വാക്സീൻ ഇളവുള്ളവർക്കും പിസിആർ നിർബന്ധമില്ല. വാക്സീൻ എടുത്ത ഗ്രീൻ രാജ്യക്കാർ അബുദാബി വിമാനത്താവളത്തിലും 6-ാം ദിവസവും എടുക്കാത്തവർക്ക് വിമാനത്താവളത്തിലേതിനു പുറമെ ഒൻപതാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കണം. ക്വാറന്റീൻ വേണ്ട.
മറ്റു രാജ്യക്കാർ അബുദാബിയിൽ എത്തി 4, 8 ദിവസങ്ങളിൽ പിസിആർ എടുക്കണം. യാത്രക്കാർ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ ഐസിഎ യുഎഇ സ്മാർട് ആപ് ഡൗൺലോഡ് ചെയ്യുകയോ യാത്രാ തീയതിക്ക് 48 മണിക്കൂർ മുൻപ് ica.gov.ae വെബ്സൈറ്റിൽ ‘റജിസ്റ്റർ അറൈവൽ ഫോമിൽ’ വ്യക്തിഗത വിവരങ്ങൾ നൽകുകയോ വേണം. വാക്സീൻ എടുത്തവരും ഇളവുള്ളവരും ബന്ധപ്പെട്ട സർട്ടിഫിക്കറ്റും ഐസിഎ സ്മാർട് ആപിൽ അപ് ലോഡ് ചെയ്യണം.
സന്ദർശകർ അൽഹൊസൻ ആപ് ഡൗൺലോഡ് ചെയ്യണം. പിസിആർ ടെസ്റ്റ് ഫലം ആപ്പിൽ ലഭിച്ചാൽ 7 ദിവസത്തേക്ക് ഗ്രീൻപാസ് കിട്ടും. അബുദാബിയിൽ വിവിധ സ്ഥലങ്ങളിലെ പ്രവേശനത്തിനുള്ള ഗ്രീൻ പാസ് നിർബന്ധമാണ്.
സന്ദർശകർക്ക് 7 ദിവസത്തിലൊരിക്കലും താമസ വീസയുള്ളവർക്ക് 14 ദിവസത്തിലൊരിക്കലും പിസിആർ ടെസ്റ്റ് എടുത്താലെ തുല്യ കാലയളവിലേക്കു ഗ്രീൻപാസ് ലഭിക്കൂ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടെസ്റ്റ് ഇല്ലാതെ തന്നെ ഗ്രീൻപാസ് ലഭിക്കും.