യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ‘വന്ദേ ഭാരത് മിഷന്’ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ. റഷ്യ- യുക്രൈന് സംഘര്‍ഷ സാഹചര്യത്തിലാണ് മൂന്ന് സര്‍വീസുകള്‍ നടത്തുമെന്ന് കമ്പനി വ്യക്തമാക്കിയത്.
ഈ മാസം 22, 24, 26 തീയതികളിലാണ് ഇവ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തും. എയര്‍ ബബിള്‍ ക്രമീകരണത്തിന് കീഴില്‍ യുക്രൈനില്‍ നിന്ന് വരുന്നതും പോകുന്നതുമായ വിമാനങ്ങളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.
ആളുകള്‍ക്ക് വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളില്‍ പരിഭ്രാന്തരാകരുതെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. എയര്‍ ഇന്ത്യ, യുക്രൈനിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നിവയില്‍ നിന്നുള്‍പ്പെടെ സമീപ ഭാവിയില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും അറിയിച്ചു.