ദുബായിൽ കവർച്ച നടത്താനായി സിഐഡി ഓഫീസർമാരായി ആൾമാറാട്ടം നടത്തിയതിനും 121,000 ദിർഹം മോഷ്ടിച്ചതിനും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് ക്രിമിനൽ കോടതി മൂന്ന് പ്രവാസികൾക്ക് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു.ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം മൂന്ന് പ്രതികളെയും രാജ്യത്ത് നിന്ന് നാടുകടത്താൻ കോടതി ഉത്തരവിട്ടു.
2021 ഒക്ടോബറിലാണ് കുറ്റകൃത്യം നടന്നത്, രണ്ട് ഏഷ്യൻ പ്രവാസികൾ തങ്ങളെ മൂന്ന് പേർ തടഞ്ഞുവെച്ച് കൊള്ളയടിച്ചതായി പരാതി നൽകുകയായിരുന്നു. അവരിൽ ഒരാൾ ജിസിസി പൗരനായിരുന്നു.
സിഐഡി ഓഫീസർമാരാണെന്ന് പറഞ്ഞ മൂന്നംഗ സംഘം ഇരകളായ രണ്ട് ഏഷ്യൻ പ്രവാസികളുടെ ഐഡന്റിറ്റി, താമസസ്ഥലം എന്നിവയെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ മുറിയിൽ ഉണ്ടായിരുന്ന 121,000 ദിർഹം കവർച്ച ചെയ്യുകയുമായിരുന്നു.
തുടർന്ന് ഇരകളെ പ്ലാസ്റ്റിക് കഫ് ഉപയോഗിച്ച് കെട്ടിയിട്ട് മൂന്നംഗ സംഘം പുറത്തെ വാതിൽ പൂട്ടി സ്ഥലം വിടുകയായിരുന്നു. മൂന്ന് പേർ തങ്ങളുടെ പാസ്‌പോർട്ടും ഐഡന്റിറ്റിയും മറ്റ് രേഖകളും പിടിച്ചെടുത്തതായും രണ്ടാമത്തെ ഇര പറഞ്ഞു. കൈവിലങ്ങിന്റെ കെട്ടഴിക്കാൻ രണ്ടാമത്തെ ഇരക്ക് കഴിഞ്ഞതിനാൽ വഴിയാത്രക്കാരന്റെ സഹായം തേടുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
പിന്നീട് തെളിവുകൾ ശേഖരിച്ച ശേഷം ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.