ഭക്ഷണമില്ലാതെ സൗരോജ്ജം ഉപയോഗിച്ചു മാത്രം ജീവിച്ച സൂര്യോപാസകന് ഹീരാ രത്തന്‍ മനേക് (84) അന്തരിച്ചു. കോഴിക്കോട് ചക്കോരത്ത് കുളത്തെ ഫ്ലാറ്റിലായിരുന്നു അന്ത്യം. 1995 മുതൽ ഹീരാരത്തൻ മനേക് സൗരോർജ്ജവും വെള്ളവും മാത്രമുപയോഗിച്ചുള്ള ജീവിതം തുടങ്ങിയത്.
ബഹിരാകാശ ഗവേഷണത്തിന് മനുഷ്യർ പോകുമ്പോൾ ഹീരാരത്തന്റെ ജീവിത സാഹചര്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നാസ 2002 ജൂലായ് മുതൽ നവംബർ വരെ അദ്ദേഹത്തെ അമേരിക്കയിലെത്തിച്ച് പഠനം നടത്തിയിരുന്നു.
മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദ ധാരിയായ മനേക്, കോഴിക്കോട്ട് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരിയായിരുന്നു. ഗുജറാത്തിലെ കച്ച് സുജാപ്പുരില്‍നിന്ന് വാണിജ്യാവശ്യത്തിനായാണ് ഹീരാ രത്തന്റെ പൂര്‍വികര്‍ കോഴിക്കോട്ടെത്തിയത്. ഗുജറാത്തിവിദ്യാലയ അസോസിയേഷന് ആദ്യകാല സംഘാടകനും ദീര്‍ഘകാലം അസോസിയേഷന് പ്രസിഡന്റുമായിരുന്നു. കോഴിക്കോട്ടെ ജൈനസമാജത്തിലും നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2001-ല്‍ 411 ദിവസം തുടര്‍ച്ചയായി ഭക്ഷണമുപേക്ഷിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട്. 20 വര്‍ഷത്തോളം ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്.