അബുദാബി മുൻസിപ്പാലിറ്റി അൽ വത്ബ ബ്രാഞ്ച് ഡയറക്ടർ ഹസ്സൻ അലി അൽ ദാഹിരിയാണ് ആഗോള തലത്തിൽ 226 -മത്തെ ലുലു ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടർ സുൽത്താൻ ഹുവേയർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചത്.
അൽ ശംഖ മാളിൽ പ്രവർത്തിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ബേക്കറി, പാലുത്പന്നങ്ങൾ, ആരോഗ്യ സൗന്ദര്യ വർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, തുടങ്ങിയവ മിതമായ വിലയിൽ ലഭ്യമാണ്. മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും അൽ ഷംഖയിലേയും പരിസര പ്രദേശങ്ങളിലുമുള്ള താമസക്കാർക്ക് സമ്മാനിക്കുന്നത്.
സെൻട്രൽ അബുദാബിയിൽ നിന്ന് അകലെയായി സ്ഥിതി ചെയ്യുന്ന അൽ ഷംഖയിൽ ഹൈവേ – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) – വടക്ക്-കിഴക്ക് ഭാഗത്തുള്ള പ്രദേശത്തിന്റെ അതിർത്തിയിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് സ്ഥിതിചെയ്യുന്നത്.
അബുദാബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ അൽ ഷംഖയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ നയം. ഇതിനായി എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു തരുന്ന യു.എ.ഇ. ഭരണ നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം മൂന്ന് മാർക്കറ്റുകൾ കൂടി അബുദാബിയിൽ ആരംഭിക്കും. ദീർഘവീക്ഷണത്തോടെയുള്ള യു.എ.ഇ.യുടെ വികസനത്തിൻ്റെ ഭാഗമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകളുടെ റീട്ടെയിൽ സ്റ്റോറുകൾ, വിനോദ കേന്ദ്രം, ഫുഡ് കോർട്ട്, ഫിറ്റ്‌നസ് സെന്റർ, കോഫി ഷോപ്പുകൾ, KFC, പിസ്സ ഹട്ട്, മുനിസിപ്പാലിറ്റി ഓഫീസ്, മറ്റ് സൗകര്യങ്ങൾ എന്നിവ പുതുതായി ആരംഭിച്ച മാളിലുണ്ട്.
ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ് റഫ് അലി, അബുദാബി റീജിയൻ ഡയറക്ടർ അബൂബക്കർ എന്നിവരും സംബന്ധിച്ചു.