റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച യുക്രെയ്നിലെ ഇന്ത്യൻ എംബസി ഈ മാസം 17മുതൽ കീവിൽ പ്രവർത്തനം പുനരാരംഭിക്കും. നിലവിൽ പോളണ്ടിലെ വാഴ്സയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ഉണ്ടായതിനു പിന്നാലെ മാർച്ച് 13നാണ് എംബസി അടച്ചത്.
യുക്രെയ്നിൽ റഷ്യയുടെ ആക്രമണത്തെ തുടർന്ന് മനുഷ്യാവകാശ പ്രശ്നങ്ങൾ വഷളാവുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ സമിതി കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. അതേസമയം യുക്രെയ്ന് 50 കോടി യൂറോയുടെ സഹായം നൽകാൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
അതിനിടെ, യുദ്ധക്കുറ്റങ്ങളിലുള്ള വിചാരണ കീവിലെ കോടതിയിൽ തുടങ്ങി. റഷ്യ പതിനായിരത്തോളം യുദ്ധകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. ബ്രിട്ടനും നെതർലെൻഡ്സും വിചാരണയിൽ യുക്രെയ്നെ സഹായിക്കും.