രൂക്ഷമായ ഇന്ധനക്ഷാമത്തെ നേരിടാൻ ശ്രീലങ്ക പുതിയ മാർഗങ്ങൾ തേടുന്നു. പെട്രോൾ പമ്പുകളുടെ പ്രവർത്തനം വിദേശ ഇന്ധനവിതരണ കമ്പനികളെ ഏൽപിക്കാൻ ആലോചിക്കുന്നതായി ഊർജമന്ത്രി കാഞ്ചന വിജസേഖര പറഞ്ഞു. നാലു വിദേശ കമ്പനികളെയെങ്കിലും രാജ്യത്ത് എത്തിച്ച് ഇന്ധനവിതരണം മെച്ചപ്പെടുത്താനാണ് ശ്രമം. പൊതുമേഖലയിലുള്ള സിലോൺ പെട്രോളിയം കോർപറേഷനു (സിപിസി) പുറമേ ഇന്ത്യൻ ഓയിൽ കോർപറേഷൻ മാത്രമാണ് ലങ്കയിൽ ഇന്ധനവിതരണം നടത്തുന്നത്. ശ്രീലങ്കയിൽ ഇന്ധനവിതരണത്തിനു സന്നദ്ധരാകുന്ന വിദേശ കമ്പനികൾക്ക് സിപിസി പമ്പുകൾ വിട്ടുനൽകാനാണു പദ്ധതി.
സിപിസിയുടെ 1190 പമ്പുകളിൽ 400 പമ്പുകളാണു വിദേശ കമ്പനികൾക്കു കൈമാറുക. അതേ സമയം, കുറഞ്ഞ വിലയ്ക്കു റഷ്യയിൽ നിന്നു നേരിട്ട് എണ്ണ വാങ്ങാൻ 2 മന്ത്രിമാർ ഇന്നു റഷ്യയിലേക്ക് യാത്ര തിരിക്കും.
ഇന്നലെ പെട്രോളിനും ഡീസലിനും ഇന്നലെ വീണ്ടും വില വർധിപ്പിച്ചു. പെട്രോളിന് 50 ലങ്കൻ രൂപയും ഡീസലിന് 60 ലങ്കൻ രൂപയുമാണു വർധിപ്പിച്ചത്. മൂന്നു മാസത്തിനിടെ മൂന്നാമത്തെ വിലവർധനയാണിത്. ഇതോടെ പെട്രോൾ ലീറ്ററിന് 470 ലങ്കൻ രൂപയും ഡീസലിന് 460 ലങ്കൻ രൂപയുമാകും. ഇന്നലെ മുതൽ ടോക്കൺ സംവിധാനം പ്രാബല്യത്തിലായി. രാജ്യത്ത് നിലവിൽ ഇന്ധനം സ്റ്റോക്കില്ല. പുതിയ സ്റ്റോക്ക് എത്തുമ്പോൾ ടോക്കൺ നൽകിയാകും ഇന്ധനം നൽകുക.
ഇതിനായി വീടിനടുത്തുള്ള പെട്രോൾ പമ്പിൽ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യണം. ഫോണിൽ ടോക്കൺ നമ്പർ എസ്എംഎസായി വരുമ്പോൾ പമ്പിലേക്കു പോയാൽ മതിയാകും.