യുഎഇയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പാസ്‌പോർട്ട് കേടാകുകയോ നഷ്ടപ്പെടുകയോ ചെയ്ത ഇന്ത്യൻ പൗരന്മാർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രത്യേക സേവാ ക്യാമ്പ് സംഘടിപ്പിച്ചു.
ഫുജൈറയിലെയും കൽബയിലെയും ബിഎൽഎസ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഇത്തരത്തിലുള്ള 80 പാസ്‌പോർട്ട് അപേക്ഷകളാണ് കോൺസുലേറ്റിന് ലഭിച്ചത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഇന്ത്യൻ അസോസിയേഷനുകളുടെയും പ്രവാസി അംഗങ്ങളുടെയും അഭ്യർത്ഥനയെ തുടർന്നാണ് മിഷൻ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോൺസുലേറ്റ് അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ പാസ്‌പോർട്ടിന് കേടുപാടുകൾ സംഭവിച്ച/നഷ്ടപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ അപേക്ഷകൾ സൗജന്യമായി സ്വീകരിച്ചു, ഇത് ഓഗസ്റ്റ് 28 വരെ അടുത്ത മൂന്നാഴ്ചത്തേക്ക് തുടരുമെന്ന് കോൺസൽ (പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ, വിദ്യാഭ്യാസം) രാംകുമാർ തങ്കരാജ് പറഞ്ഞു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ അടുത്തിടെ കനത്ത മഴ പെയ്തിരുന്നു. വെള്ളം കയറിയ വീടുകളിൽ നിന്ന് നൂറുകണക്കിന് ആളുകളെ മാറ്റി താത്കാലിക താമസ സ്ഥലങ്ങളിലും ഹോട്ടലുകളിലും പാർപ്പിക്കേണ്ടി വന്നു.