കേരളത്തിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് റവന്യൂവകുപ്പ് ഉത്തരവിറക്കി. റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്ക് ശേഷം സര്‍വ്വേയും സാമൂഹികാഘാത പഠനവും തുടരാനാണ് സര്‍ക്കാര്‍ നിലപാട്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി വിവിധ ജില്ലകളിൽ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി തിരിച്ചുവിളിച്ചിരിക്കുന്നത്. 11 ജില്ലകളിലായി ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരോടാണ് മടങ്ങിവരാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. റവന്യൂ ലാന്‍ഡ് കമ്മീഷണര്‍ക്കും അതത് ജില്ലാ കലക്ടര്‍മാര്‍ക്കുമാണ് ഇവരെ തിരിച്ചുവിളിക്കാന്‍ റവന്യൂവകുപ്പ് നിര്‍ദേശം നല്‍കിയത്. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചന നല്‍കി രണ്ടുമാസം മുന്‍പാണ് ഇവരുടെ കാലാവധി നീട്ടി നല്‍കിയത്.
വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി ഇതുവരെ ലഭിക്കാതിരുന്നിട്ടും സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നത് പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകുന്നതിന്റെ സൂചനയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാട് തന്നെയായിരുന്നു കഴിഞ്ഞദിവസവും സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.