ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് 25 കിലോമീറ്റർ നിർത്താതെ നീന്തിക്കൊണ്ട് താരമായിരിക്കുകയാണ് ആലുവ സ്വദേശി അബ്ദുൽ സമീഖ്. ദുബായ് മംസാർ ബീച്ചിൽ വെച്ച് 14 മണിക്കൂർ സമയമെടുത്തുകൊണ്ടാണ് സമീഖ് ഈ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ വർഷം ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സമീഖിന്റെ സുഹൃത്ത് പ്രദീപ് നായർ 21 കിലോമീറ്റർ നീന്തിയിരുന്നു. ഇത് മറികടക്കുന്ന പ്രകടനമായിരുന്നു സമീഖിന്റേത്. രാവിലെ 4.20 നു തുടങ്ങി ലക്ഷ്യമിട്ട 25 കിലോമീറ്റർ പിന്നിട്ടപ്പോൾ സമയം വൈകീട്ട് 6.10. 800 മീറ്ററിലേറെ ദൂരമുള്ള മംസാർ ബീച്ച് 30 തവണയിലേറെ സമീഖ് വലംവെച്ചു. ഗാർഡുമാരുടെ പിന്തുണയും സംരക്ഷണവും നീന്തലിനുണ്ടായിരുന്നു.
യു.എ.ഇയിലെ മലയാളി റൈഡർമാരുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് അംഗവും ദുബൈയിലെ പ്രമുഖ ഐ.ടി സ്ഥാപനമായ അൽ വഫാ ഗ്രൂപ്പിന്റെ ജനറൽ മാനേജരുമാണ് സമീഖ്.
ദുബായിൽ തന്നെ മുമ്പ് 15 കിലോമീറ്റർ നീന്തിയ സമീഖ് കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയപ്പോൾ ആലുവ പുഴയിൽ 10 കിലോമീറ്റർ നീന്തിയിരുന്നു. വിവിധ മാരത്തൺ ഓട്ടങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 20 വർഷമായി പ്രവാസജീവിതം നയിക്കുന്ന സമീഖ് ഭാര്യ ഷറീനക്കും മക്കളായ നിഹാനും നൈറക്കുമൊപ്പം ദുബായിലാണ് താമസം.