ദുബായിലെ അൽ ഖുദ്ര ഏരിയയിലെ ട്രാക്കിലൂടെ പാസഞ്ചർ ട്രെയിൻ പരീക്ഷണ ഓട്ടം തുടങ്ങി. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി, എത്തിഹാദ് റെയിലിന്റെ ദുബായ് ട്രാക്കിൽ പാസഞ്ചർ ട്രെയിനുകൾ കാണുന്നതായി അൽ ഖുദ്ര ഏരിയ കമ്മ്യൂണിറ്റിയിലെ താമസക്കാർ പറയുന്നു. പാസഞ്ചർ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളുമായി രണ്ട് തരത്തിലുള്ള വണ്ടികളും ഒരേ റെയിലിൽ സഞ്ചരിക്കുന്നു.
ദുബായിലൂടെ എത്തിഹാദ് റെയിൽ പാളങ്ങൾ കടന്നുപോകുന്ന അൽ ഖുദ്ര പ്രദേശത്തിന് ചുറ്റുമുള്ള റെംറാം, മുഡോൺ, മിറ, ടൗൺ സ്‌ക്വയർ കമ്മ്യൂണിറ്റികളിൽ താമസിക്കുന്നവർക്ക് ട്രാക്കുകൾ പുരോഗമിക്കുന്നതും പരീക്ഷണ ഓട്ടം സ്ഥിരമായി നടക്കുന്നതും കാണാൻ കഴിയുന്നുണ്ട്.
1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എത്തിഹാദ് റെയില്‍ ശൃംഖലയുടെ നിര്‍മ്മാണം ഇതിനകം 75 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. എത്തിഹാദ് റെയില്‍വെ പദ്ധതിയുടെ ഭാഗമായി ദുബായിയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈനുകളുടെ നിര്‍മാണം നേരത്തേ പൂര്‍ത്തിയായിരുന്നു. 256 കിലോമീറ്റര്‍ നീളത്തിലുള്ള റെയില്‍ പാതയില്‍ 29 പാലങ്ങള്‍, 60 റെയില്‍വേ ക്രോസിംഗുകള്‍, 137 ഡ്രെയിനേജ് ചാനലുകള്‍ എന്നിവയുണ്ട്. 13,300 തൊഴിലാളികള്‍ 47 ദശലക്ഷം മണിക്കൂര്‍ പണിയെടുത്താണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന്റെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് യാത്രക്കാരെയും ചരക്കുകളും വഹിച്ച് പോവുന്ന ഇത്തിഹാദ് റെയില്‍വേയുടെ നിര്‍ണായകമായ ഒരു ഘട്ടമാണ് ഇതോടെ പൂര്‍ത്തിയായത്.