അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് വെള്ളിയാഴ്ചയാണ് അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
സിവിൽ ഡിഫൻസ്, പോലീസ് വകുപ്പുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കാനും അണയ്ക്കാനും കഴിഞ്ഞു.എമിറേറ്റിലെ അൽ റാഷിദിയ മേഖലയിലെ പേൾ റെസിഡൻഷ്യൽ കോംപ്ലക്‌സിന്റെ ടവറുകളിലൊന്നിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
അജ്മാൻ പോലീസ് കമാൻഡർ ജനറൽ മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും തീ നിയന്ത്രണവിധേയമായി. അപകട സ്ഥലത്ത് ശീതീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
നിരവധി അപ്പാർട്ട്‌മെന്റുകളിൽ തീ പടർന്നിരുന്നു, പുക കാരണം ഒമ്പത് പേർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായതായും രണ്ട് പേർക്ക് പരിക്കേറ്റതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് ആംബുലൻസ് സംഘം ഒമ്പത് പേർക്ക് ചികിത്സ നൽകുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.