യുഎഇയുടെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) ആദ്യത്തെ അറബ് ദീർഘകാല ബഹിരാകാശയാത്രിക ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിച്ചു. ദൗത്യം ഫെബ്രുവരി 27 ന് രാവിലെ 10.45 ന് (യുഎഇ സമയം) പുറപ്പെടും. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും മറ്റ് മൂന്ന് പേരും ഫെബ്രുവരി 26 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
മിഷന്റെ ഫ്ലൈറ്റ് റെഡിനസ് റിവ്യൂവിന്റെ (എഫ്ആർആർ) ഭാഗമായി ചൊവ്വാഴ്ച പകൽ മുഴുവൻ സ്‌പേസ് എക്‌സിന്റെ ടീമുകളും “അന്താരാഷ്ട്ര പങ്കാളികളും” ഒത്തുകൂടിയതായി നാസ ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. എഫ്ആർആറിന് ശേഷമാണ് ദൗത്യം 24 മണിക്കൂർ വൈകിപ്പിക്കാൻ തീരുമാനിച്ചത്.
ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ് സംഘം ആറ് മാസം വരെ ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും.ഇതോടെ ബഹിരാകാശത്തേക്ക് ദീർഘകാല ദൗത്യത്തിന് ബഹിരാകാശയാത്രികനെ അയക്കുന്ന പതിനൊന്നാമത്തെ രാജ്യമായി യുഎഇ മാറും.