യുഎഇയും ഇസ്രയേലും ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് ഇരുരാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന 96% ഉൽപന്നങ്ങളുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
യുഎസിന്റെ മധ്യസ്ഥതയിൽ 2020ൽ യുഎഇ–ഇസ്രയേൽ സമാധാന കരാർ ഒപ്പുവച്ച ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്.
2022 മേയിൽ സ്വതന്ത്ര വ്യാപാര കരാറിന് തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും ഞായറാഴ്ച അന്തിമ അനുമതി ലഭിച്ചതോടെ കരാർ പ്രാബല്യത്തിലായി. ഇതനുസരിച്ച് യുഎഇയിലെ സർക്കാർ ടെൻഡറുകളിൽ ഇസ്രയേൽ കമ്പനികൾക്ക് പങ്കെടുക്കാം.
പുതിയ നീക്കം യുഎഇയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. കൂടുതൽ അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഇസ്രയേൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.