എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റെടുത്തവര്‍ക്ക് മുതിര്‍ന്നവരുടെ അതേ നിരക്ക് തന്നെ കുട്ടികള്‍ക്കും നല്‍കേണ്ടി വന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സീറ്റുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഈ നീക്കം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ ടിക്കറ്റ് നിരക്കാണ് കാണിക്കുന്നത്.
ഇതുവരെ മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം വരെ കുറഞ്ഞ നിരക്കാണ് കുട്ടികള്‍ക്ക് ഈടാക്കിയിരുന്നത്. ഈ നിരക്കിളവാണ് ഇപ്പോള്‍ കമ്പനി പിന്‍വലിച്ചിരിക്കുന്നത്. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് കരുതുന്നു. ബഡ്ജറ്റ് വിമാനക്കമ്പനികളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് ഇത്തരത്തില്‍ ആനുകൂല്യം നല്‍കിയിരുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും എയര്‍ ഏഷ്യയും തമ്മിലുള്ള ലയനം നടക്കുന്നതിനാല്‍ രണ്ടുദിവസമായി ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ നവീകരണങ്ങള്‍ നടക്കുകയാണ്.