ഒരു കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരിന്ന റേഞ്ച് റോവർ മോഷ്ടിക്കുകയും മദ്യപിച്ച് മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടാക്കുകയും ചെയ്ത 28 വയസ്സുകാരനായ ഏഷ്യൻ പ്രവാസിക്ക് ദുബായിലെ മിസ്‌ഡീമെനേഴ്‌സ് ആൻഡ് വയലേഷൻസ് കോടതി 4000 ദിർഹം പിഴ ചുമത്തി.
ലോക്ക് ചെയ്യാതെ പാർക്ക് ചെയ്തിരുന്ന റേഞ്ച് റോവറാണ് ഇയാൾ മോഷ്ടിച്ചത്. ദുബായിൽ വാഹനാപകടം ഉണ്ടാക്കിയതായി പോലീസ് സ്റ്റേഷനിൽ നിന്ന് കാൾ വരുമ്പോഴാണ് റേഞ്ച് റോവറിന്റെ ഉടമയായ യുവതി തന്റെ വാഹനം ആരോ മോഷ്ടിച്ചതായി അറിയുന്നത്. പിന്നീട് അന്വേഷണ സംഘം ഉടമയായ യുവതിയുടെ മൊഴി പരിഗണിക്കുകയും റേഞ്ച് റോവർ മോഷണം പോയ പാർക്കിംഗ് സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും വാഹനം ഓടിച്ചിരുന്നത് യുവതി അല്ലെന്നും റേഞ്ച് റോവർ മോഷ്ടിക്കപ്പെടുകയായിരുന്നെന്നും പോലീസ് തിരിച്ചറിയുകയായിരുന്നു. ഉടൻ അപകടമുണ്ടാക്കിയ ആളെ കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.