ദുബായ് ദേര ഫ്രിജ് മുറാർ അൽ റാസ് പ്രദേശത്തുള്ള ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 16 പേർ മരണപ്പെട്ടു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. മരിച്ച 16 പേരിൽ ബാക്കിയുള്ളവർ തമിഴ്നാട്, പാക്കിസ്ഥാൻ, നൈജീരിയ, സുഡാൻ സ്വദേശികളാണ്. അപകടത്തിൽ 9 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ ശനിയാഴ്ച്ച ഉച്ചക്ക് 12.35 ഓടെയാണ് അധികൃതർക്ക് തീപിടിത്തത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. ആറ് മിനിറ്റിനുള്ളിൽ ഒരു സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ഒഴിപ്പിക്കലും അഗ്നിശമന പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു.
വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് വിൻഡോ എസി പൊട്ടിത്തെറിച്ചതുമാണ് തീപിടുത്തത്തിന്റെ ആഘാതം കൂട്ടിയത്. മലപ്പുറം സ്വദേശികളായ റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയിലേയ്ക്കും പുക പടർന്ന് ശ്വാസം മുട്ടിയാണ് ഇരുവരുടെയും മരണം സംഭവിച്ചത്. റിജേഷ് ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിലെ ജീവനക്കാരനും ജെഷി ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ അധ്യാപികയുമാണ്.
കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ബന്ധപ്പെട്ട വക്താവ് പറഞ്ഞു.