റോബോട്ടുകൾ മുദ്രാവാക്യം വിളിച്ചുനീങ്ങുന്ന മേയ് ദിന റാലിയെക്കുറിച്ചു ഒന്നു വിഭാവന ചെയ്തുനോക്കു. ഒരു കൗതുകത്തിനപ്പുറം അതിവിദൂരമല്ലാത്ത ഭാവിയിൽ അങ്ങനൊരു കാഴ്ച്ച നമുക്ക് കാണേണ്ടിവന്നേക്കാം. അത്രയ്ക്കാണ് ലോകത്തെവിടെയും തൊഴിൽ മേഖല മാറിയിട്ടുള്ളത് . ഓട്ടോ മേഷന്റെയും എ .ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെയും അതിവ്യാപനം തൊഴിൽ രംഗത്തെ അടിമുടി പരിവർത്തനപ്പെടുത്തിക്കഴിഞ്ഞു .
‘എട്ടുമണിക്കൂർ ജോലിസമയം ‘ എന്ന മുദ്രാവാക്യവുമായി 1886 മേയ് ഒന്നിന് മൂന്നരലക്ഷത്തോളം തൊഴിലാളികൾ അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പണിമുടക്കു സമരത്തെ ഓർമിപ്പിക്കുന്ന ‘മേയ്ദിനം ‘ ഒരാഘോഷവുമില്ലാതെ കടന്നുപോകുന്നതിന്റെ കാരണവും മറ്റൊന്നല്ല .
മാറിയ കാലത്തിനൊത്തു പുതിയ നൈപുണികൾ നേടിയെടുക്കാനായില്ലെങ്കിൽ ലക്ഷക്കണക്കിന് തൊഴിലാളികളാണ് തെരുവിലേക്ക് കുടിയിറക്കപ്പെടാൻ പോകുന്നത് . അത് എന്നേ ആരംഭിച്ചുകഴിഞ്ഞു എന്നുവേണം പരമ്പരാഗത തൊഴിലുകളത്രയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോൾ പറയേണ്ടത് .
തൊഴിലിടങ്ങളിൽ എ ഐ യുടെ കടന്നുകയറ്റം 270 ശതമാനം വർധിച്ചുകഴിഞ്ഞുവെന്നാണ് ഫോബ്‌സ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് .
ഇതു നിലവിലുള്ള പല തൊഴിലുകളെയും മായ്ച്ചുകളയുകയും പുതിയ തൊഴിലുകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നറിപ്പോർട്ട് ദ്രുത ഗതിയിലാണ് പ്രയോഗത്തിൽ വന്നിട്ടുള്ളത് .
പക്ഷേ എല്ലാവർക്കും തൊഴിൽമാറ്റത്തിന് സാധിക്കില്ല എന്നതാണ് ഇവിടെ പ്രശ്നം .
വിദ്യാഭ്യാസ യോഗൃതയും വൈദഗ്ധ്യവും ഉള്ളവർക്കേ ആ മാറ്റത്തിനൊത്തു നീങ്ങാനാവൂ . അല്ലാത്തവരെല്ലാം തൊഴിൽ രഹിതതരായി മാറും . ഇങ്ങനെ ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം സംഭവിച്ചു കഴിഞ്ഞു
തൊഴിൽ വിപണിയിൽ എ ഐ ആധിപത്യം അനുദിനം പിടിമുറുക്കുന്നസാഹചര്യത്തിൽ ലോകമാകെയുള്ള ട്രേഡു യൂണിയൻ പ്രസ്ഥാനങ്ങൾക്കും ശക്തിക്ഷയം സംഭവിക്കുന്ന കാഴ്ചയും തെളിഞ്ഞു നില്പാണ് .
ഷിക്കാഗോ തെരുവീഥികളിൽ രക്തം ചിന്തിനേടിയ ‘എട്ടുമണിക്കൂർ ജോലി സമയം ‘എവിടെയും റദ്ദു ചെയ്യപ്പെട്ടു കഴിഞ്ഞു .മേയ് ദിനത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യും വിധം തൊഴിൽ സമയം 9- 12 മണിക്കൂറായി മാറിക്കഴിഞ്ഞു .
. പുതിയ ലേബർക്കോഡ് ഈ സമയമാറ്റത്തിന് അനുമതി നല്കിയിട്ടുള്ളതിനാൽ ട്രേഡ് യൂണിയനുകൾക്ക് പ്രതിഷേധത്തിന് ആവില്ലതാനും .
മൂന്നു മണിക്കൂർ കൊണ്ട് പാർലമെന്റ് പാസ്സാക്കിയെടുത്ത പുതിയ ലേബർകോഡ് നിയമം ഇന്ത്യയിലെ 50 കോടിയോളം വരുന്ന തൊഴിലാളികളുടെ നിലനില്പിനെ അവതാളത്തിലാക്കിയിരിക്കുകയാണ് .
ഒരുപാടുകാലത്തെ നീണ്ട സമര പോരാട്ടത്തിലൂടെ നേടിയെടുത്ത പല അവകാശങ്ങളും ഈ ലേബർകോഡ് നിയമം ഇല്ലാതാക്കിക്കഴിഞ്ഞു . ഈ നിയമം അനുസരിച്ചു ഒരു സ്ഥാപനം പൂട്ടുന്നതിന് പുതിയ മാനദണ്ഡങ്ങൾ വന്നു . 300 ല്‍ താഴെ തൊഴിലാളികലുള്ള സ്ഥാപനം പൂട്ടുന്നതിന് ഉടമക്ക് ആരുടേയും അനുമതി ആവശ്യമില്ല .
ട്രേഡ് യൂണിയന് തൊഴിലാളികളുടെ ക്ഷേമ നയങ്ങളിൽ ഇടപെടണമെങ്കിൽ 51ശതമാനം തൊഴിലാളികളെയെങ്കിലും പ്രതിനിധീകരിക്കേണ്ടതുണ്ട് .
പലയിടത്തും സ്ഥിരം തൊഴിലാളികളേക്കാൾ കരാർ തൊഴിലാളികൾ ആയതിനാൽ സംഘടനക്ക് ഈ പ്രാതിനിധ്യം പ്രയാസമാണ് .
അതിനെ തൊഴിലുടമകൾ ആവുന്നത്ര മുതലെടുക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നതെന്ന് മുതിർന്ന ലേബർ ആക്ട് സ്പെഷലിസ്ററ് സുധാമേനോൻ മാറിയ തൊഴിൽ സാഹചര്യത്തെപറ്റി എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു .
” ഇന്ത്യയിലെ സംഘടിത തൊഴിൽ മേഖലയിൽ ഇപ്പോൾതന്നെ 30 ശതമാനത്തിലെറെ കരാർ തൊഴിലാളികളാണ് . മാരുതി ഗുഡ്ഗാവ് പ്ലാന്റിൽ കരാർ തൊഴിലാളികൾ 70 ശതമാനമാണ് .
ഖനി ,സ്റ്റീൽ ,ഫാർമസ്യൂട്ടിക്കൽ ,മാനുഫാക്ച്ചറിങ് , വളം തുടങ്ങിയ പല രംഗത്തും സ്ഥിരം തൊഴിലാളികൾ നന്നേ കുറവാണ് .”
” തൊഴിൽ സുരക്ഷയെ ബാധിക്കുമെന്ന ഭയത്തിൽ തൊഴിലാളികൾ യൂണിയനുകളിൽ നിന്ന് അകന്നു നില്പാണ് . തൊഴിലുടമകൾ ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്നതിൽ വിജയിച്ചു . ആഗോളീകരണാനന്തര ലോകത്തെ സർക്കാരുകളെ സംബന്ധിച്ചിടത്തോളം സ്വകാര്യ നിക്ഷേപം സാമ്പത്തിക വളർച്ചക്ക് അനിവാര്യമാണ് .അതുകൊണ്ടുതന്നെ നിക്ഷേപത്തിന് അനുകൂലമായ സാമൂഹിക -രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും നില നിർത്തുന്നതിലും ആവശ്യമായ നയങ്ങൾക്കാണ് പ്രാമുഖ്യം , തൊഴിലാളി ക്ഷേമത്തിനല്ല .”
” പക്ഷേ വി .വി .ഗിരി ലേബർ ഇൻസ്റ്റിട്യൂട്ട് അടുത്തകാലത്തു നടത്തിയ ഒരുപഠനം തെളിയിക്കുന്നത് , ലേബർ നിയമങ്ങളല്ല സ്വകാര്യ നിക്ഷേപങ്ങളെ പിന്നോട്ടു നയിക്കുന്നത് എന്നാണ് .
തൊഴിലാളികളുടെ അവകാശങ്ങൾ കൃത്യമായി നിർവചിക്കുകയും സേവന -വേതന വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടുകയും ചെയ്യുമ്പോൾ ഉത്പാദനക്ഷമത വർധിക്കുകയും അതുവഴി ലാഭം സ്വാഭാവികമായി കൂടുകയും ചെയ്യുമെന്നാണ് വാസ്തവം ;ആരും അത് അംഗീകരിക്കാറില്ലെങ്കിലും ”
സുധാമേനോൻ ആർട്ടിക്കളിൽ പറയുന്നു .
നിക്ഷേപം പോലെ അതിപ്രധാനമാണ് തൊഴിലാളി ക്ഷേമ പ്രവർത്തനവുമെന്നാണ് ഈ മേയ് ദിനം ലോകത്തെ ഓർമിപ്പിക്കുന്നത് .