ഐഎസ്ആർഒയുടെ നൂതന നാവിഗേഷൻ ഉപഗ്രഹമായ NVS-01 ന്റെ വിക്ഷേപണം ഇന്ന് നടക്കും. നിരീക്ഷണ, നാവിഗേഷൻ കഴിവുകൾ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമായ NavIC സീരീസിന്റെ ഭാഗമാണ് ഈ പേടകം. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹമാണിത്. സേവനങ്ങൾ മെച്ചപ്പെടുത്താനും നൂതന സവിശേഷതകൾ അവതരിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് രൂപകല്പന ചെയ്തതാണ് NVS-01.
ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് എൻവിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം. ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ബഹിരാകാശത്ത് സ്ഥാപിക്കുക. ഞായറാഴ്ച രാവിലെ 7.12 ന് തന്നെ കൗണ്ട്ഡൗൺ തുടങ്ങിയിരുന്നു. രാവിലെ 10.42ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (ഷാർ) രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് NVS-01 കുതിച്ചുയരും. 2,232 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. NVS-01 നാവിഗേഷൻ പേലോഡുകളായ L1, L5, S ബാൻഡുകൾ വഹിക്കുന്നു.