യുഎഇയിൽ താപനില, ജൂലൈ 9 ഞായറാഴ്ച, 50-ഡിഗ്രിക്കടുത്ത് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അതേസമയം അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ ഹമീമിൽ 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
താപനില ഉയരുന്നതിനനുസരിച്ച്, വേനൽക്കാലത്ത് തലവേദനയും മൈഗ്രേനുകളും വർദ്ധിക്കുന്നതായി യുഎഇ ഡോക്ടർമാർ വ്യക്തമാക്കി, ഇത് കിടത്തിച്ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ 10-20 ശതമാനം വർദ്ധനവാണ് ഉണ്ടാക്കിയത്. നിർജ്ജലീകരണം, താപനിലയിലെ മാറ്റം, ഭക്ഷണ ക്രമത്തിലെ മാറ്റം, ദിനചര്യകൾ എന്നിവയെല്ലാം തലവേദനയ്ക്ക് കാരണമാകും.
വേനൽക്കാലത്ത് തലവേദന കൂടുതലായി കാണപ്പെടുന്നതായും ചൂട് പൊതുവെ തലവേദന ഉണ്ടാക്കുമെന്നും ബുർജീൽ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. നജോ ജോമ വ്യക്തമാക്കി. അതുപോലെ തന്നെ തലവേദന അനുഭവിക്കുന്ന രോഗികളിൽ മൈഗ്രെയ്ൻ തലവേദനയും ഉണ്ടാകാമെന്നും വേനൽക്കാലത്ത് രോഗികൾക്ക് പതിവായി നിർജ്ജലീകരണം അനുഭവപ്പെടുന്നതായും ഇത് ശക്തമായ മൈഗ്രെയ്നിന് കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.