മസ്‌കറ്റിൽ നിന്നും ചെന്നൈയിലേക്കുള്ള വിമാനയാത്രക്കിടെ യാത്രക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശിവഗംഗ ജില്ലയിലെ ഇളയൻകുടി സ്വദേശിയായ കെ ധനശേഖരൻ എന്ന 38 കാരനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
മസ്‌കറ്റിൽ ജോലി ചെയ്തിരുന്ന ധനശേഖരൻ അവധിക്ക് നാട്ടിലേക്ക് പോകുകയായിരുന്നു. ഇന്നലെ ഞായറാഴ്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മറ്റ് യാത്രക്കാരെല്ലാം വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷവും ധനശേഖരൻ സീറ്റിൽ തന്നെ ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
അദ്ദേഹം ഉറങ്ങുകയാണെന്ന് അനുമാനിച്ച ക്യാബിൻ ക്രൂ അദ്ദേഹത്തെ ഉണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് അദ്ദേഹം അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്.
തുടർന്ന് ഒരു മെഡിക്കൽ സംഘം അദ്ദേഹത്തെ അതിവേഗം വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകുകയും മെഡിക്കൽ പ്രൊഫഷണലുകൾ അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.