ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ വിസ കാലാവധി കഴിഞ്ഞ് അനധികൃത താമസക്കാരനായിരുന്ന ഒരു പ്രതിയെ ഷാർജ പോലീസ് പിടികൂടി. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ട് 36 മണിക്കൂറിനുള്ളിൽതന്നെ ഷാർജ പോലീസിന് കൊല ചെയ്ത് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായി.
തൊഴിലാളിയെ കുത്തേറ്റ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. അന്വേഷണത്തിൽ 12 മണിക്കൂറിനുള്ളിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പിന്നീട് ദുബായ് പോലീസിന്റെ സഹായത്തോട് കൂടിയാണ് ഷാർജ പോലീസ് പ്രതിയെ കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെയോ പ്രതിയുടെയോ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.