ദുബായിലെയും അബുദാബിയിലെയും നിരവധി റോഡുകളിൽ കനത്ത മൂടൽമഞ്ഞ് മൂടിയ സാഹചര്യത്തിൽ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യപിച്ചു.
ദേശീയ കാലാവസ്ഥാ കേന്ദ്രം പുലർച്ചെ 4 മണിക്ക് തന്നെ മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കാലാവസ്ഥ രാവിലെ 9 വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ദുബായിലെ അൽ മിൻഹാദ്, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട്, അൽ ലിസാലി, അബുദാബിയിലെ അൽ അജ്ബാൻ, സ്വീഹാൻ, സെയ്ഹ് ഷുഐബ് എന്നിവിടങ്ങളാണ് മൂടൽമഞ്ഞ് മൂടിയ പ്രദേശങ്ങളിൽ ഉൾപ്പെടുന്നത്.
നിലവിലെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ ചില റോഡുകളിൽ വേഗപരിധി കുറച്ചിട്ടുണ്ട്. വിവര ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ എമിറേറ്റ്സ് പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
അബുദാബിയിലെ ട്രക്ക്‌സ് റോഡിലും (സൈഹ് ഷുഐബ് – അൽ ഫഖ), മുഹമ്മദ് ബിൻ റാഷിദ് റോഡിലും (കിസാദ് – സെയ്ഹ് അൽസെദിറ) മൂടൽമഞ്ഞിലൂടെ വാഹനമോടിക്കുന്നവർ 80 കിലോമീറ്റർ വേഗത നിലനിർത്തണമെന്ന് പോലീസ് അറിയിച്ചു.
അതേസമയം ഇന്ന് അബുദാബിയിലെ ചില പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസും ദുബായിൽ 35 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില രേഖപെടുത്തുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.