1.421 ബില്യൺ ദിർഹം (381 മില്യൺ ഡോളർ) മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഹത്ത ജലവൈദ്യുത പ്ലാന്റിന്റെ 80% ജോലികളും പൂർത്തിയായതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (Dewa) അറിയിച്ചു. 2025 ആദ്യത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ, ഹത്ത പദ്ധതിക്ക് 250 മെഗാവാട്ട് ശേഷിയും 1,500 മെഗാവാട്ട് സംഭരണ ശേഷിയും 80 വർഷത്തെ ആയുസ്സും ഉണ്ടാകുമെന്ന് Dewa പ്രസ്താവനയിൽ പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന Dewaടെ സുസ്ഥിര പദ്ധതി പോർട്ട്‌ഫോളിയോയിലെ ഒരു പ്രധാന ഘടകമാണ് ജലവൈദ്യുത നിലയം. 2050ഓടെ ദുബായുടെ ഊർജമേഖല സമ്പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തിന് ഈ പദ്ധതി വലിയ സംഭാവന ചെയ്യും. പ്ലാന്റിന്റെ സുപ്രധാന ഭാഗമായ അപ്പർഡാമിന്റെ കോൺക്രീറ്റ് ഭിത്തിയുടെ നിർമാണവും വാട്ടർ ടണലിന്റെ കോൺക്രീറ്റ് ലൈനിങ്ങും പൂർത്തിയായി. നിർമാണപുരോഗതി വിലയിരുത്താൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം എത്തിയിരുന്നു.