സമാനതകളില്ലാത്ത ആഘോഷത്തിമിർപ്പും സമ്മാനപ്പെരുമഴയുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ വന്നണഞ്ഞു. ഡിസംബർ എട്ടിന് ആരംഭിച്ച, ലോകത്തെ ഏറ്റവും പ്രമുഖമായ റീട്ടെയിൽ ഷോപ്പിംഗ് മേള എന്നറിയപ്പെടുന്ന ഡി എസ് എഫ് ജനുവരി 14 ന് സമാപിക്കും. ഇതിനിടയിലെ 38 ദിന രാത്രങ്ങൾ ആവേശകരമായ പരിപാടികൾ കൊണ്ടു മുഖരിതമാകും. കോടികളുടെ ക്യാഷ് പ്രൈസും കിലോക്കണക്കിന് സ്വർണ്ണവും ആഡംബര കാറുകളും ഈ വ്യാപാരോത്സവത്തിൽ പങ്കെടുക്കുന്നവരിലെ ഭാഗ്യശാലികൾക്കു ലഭിക്കും; കൂടാതെ ചെറുതും വലുതുമായ സമ്മാനങ്ങൾ വേറെയും. 100 ദിർഹമിന്റെ ഡി എസ് എഫ് മെഗാറാഫിള്‍ ടിക്കറ്റ് എടുക്കുന്നവർക്ക് ദിനം പ്രതി നൽകുന്ന നിസ്സാൻ പട്രോൾ വി 6 കാറിൽ ഭാഗ്യം നോക്കാം .
ദുബായിലെ ജ്വല്ലറി ഗ്രുപ്പ് നടത്തുന്ന പ്രമോഷനിലൂടെയാണ് 25 കിലോ സ്വർണ്ണം സമ്മാനമായി നേടാനാവുന്നത്. 500 ദിർഹമിന്റെ സ്വർണ്ണം വാങ്ങാനാവുന്ന ഏവർക്കും ഈ ഭാഗ്യ നറുക്കെടുപ്പിൽ പങ്കാളിത്തം നേടാം.നറുക്കെടുപ്പിൽ വിജയിക്കുന്ന ഓരോരുത്തർക്കും കാൽ കിലോ സ്വർണ്ണം സ്വന്തമാകും. ഇതിനു പുറമെയുള്ള ഡിജിറ്റൽ നറുക്കെടുപ്പിൽ 200 ഭാഗ്യശാലികൾക്ക് 10 ഗ്രാംവീതം ലഭ്യമാകും. ഷോപ്പിംഗ് മാൾ ഗ്രൂപ്പും സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് . ഈ ഗ്രുപ്പിൽ പെടുന്ന സ്ഥാപനങ്ങളിൽ നിന്ന് 200 ദിർഹമിന്റെ പർച്ചേസ് ചെയ്യുന്നവരിൽനിന്ന് നറുക്കെടുത്താണ് സമ്മാനങ്ങൾ നൽകുന്നത്. പലതീയതികളിലായി നടക്കുന്ന നറുക്കെടുപ്പുവഴി 25 ഭാഗ്യശാലികൾക്ക് 40000 ദിർഹം വീതം സമ്മാനം നേടാം .
ദുബായുടെ ചരിത്രം വിളംബരം ചെയ്യുന്ന ഡ്രോൺ ഷോ ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണമാകും . മേളയുടെ അവസാന നാൾവരെ ദുബായുടെ രാത്രിയെ ഡ്രോൺ ഷോകളും ലൈറ്റ് ആർട്ട് ഇൻസ്റ്റലേഷനുകളും വർണാഭമാക്കും ഒപ്പം കലാപരിപാടികളും അരങ്ങേറും. ഡിസംബർ പതിനഞ്ചിന്റെ രാവിൽ കൊക്കോകോള അരീനയിൽ പ്രശസ്ത അറബ് സംഗീതജ്ഞരായ അഹ്‌ലം അൽ ഷംസി, അസ്സലാ നസ്രി എന്നിവർ മ്യൂസിക് പ്രോഗ്രാം അവതരിപ്പിക്കും. പലദിവസങ്ങളായി അറിയപ്പെടുന്ന സംഗീതജ്ഞരുടെ പരിപാടികളും ഉണ്ടായിരിക്കും.
ദുബായ് ക്രീക്കിനെ സദാ ചലനാത്മകമാക്കുന്ന അബ്രകളിൽ പലതിനെയും ഈ മേളക്കാലം നിയോൺ ലൈറ്റിങ് കൊണ്ടു മൂടും. ഫെസ്റ്റിവൽ നടത്തിപ്പിന്റെ പങ്കാളിയായ ദുബായ് പൊലിസ് കാർണിവൽ ജനുവരി നാലുമുതൽ എട്ടുവരെ തീയതികളിൽ സിറ്റിവാക്കിൽ ഉണ്ടായിരിക്കും. 1996 ല്‍ ആരംഭിച്ച ഡി എസ് എഫിന്റെ 28 ആം പതിപ്പാണ് ഇത് .