അബുദാബിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി പ്രത്യേക മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതിന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അംഗീകാരം നൽകി.
പീഡിയാട്രിക് കെയറിന്റെ മികവിന്റെ കേന്ദ്രമായും, സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തിനായി സമർപ്പിച്ചിരിക്കുന്ന കോർണിഷ് ഹോസ്പിറ്റൽ, പുനരധിവാസ സമുച്ചയം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മാനസികാരോഗ്യ കേന്ദ്രം എന്നീ നിലകളിൽ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയെ ഒരുമിച്ച് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. ഈ പദ്ധതി അബുദാബിയുടെ ഹെൽത്ത് കെയർ ഇക്കോസിസ്റ്റത്തിന് ഒരു പ്രധാന കൂട്ടിച്ചേർക്കലാണെന്നും എമിറേറ്റിന്റെ ആരോഗ്യ പരിരക്ഷാ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ഭാഗമായി കൂടുതൽ ഉയർന്ന നിലവാരമുള്ള, പ്രത്യേക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്. ഓങ്കോളജി, ഒഫ്താൽമോളജി, ന്യൂറോ സർജറി, കരൾ, വൃക്ക, കുടൽ മാറ്റിവയ്ക്കൽ, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയാക് മെഡിസിൻ എന്നിങ്ങനെ 29 സ്പെഷ്യാലിറ്റികളുമായി 200-ലധികം ഡോക്ടർമാർ ഈ കേന്ദ്രത്തിൽ ഉണ്ടാകും. 10 മാനസികാരോഗ്യ സേവനങ്ങളും 100 ദീർഘകാല ശിശുരോഗ പരിചരണവും ഉൾപ്പെടെ 250 കിടക്കകളുമുണ്ടാകും.