അബുദാബി: ഏഴു എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ഫെഡറൽ ഹൈവേ സ്ഥാപിക്കാൻ യുഎഇ ഒരുങ്ങുന്നു. ഓരോ എമിറേറ്റിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. ഇത് യാഥാർഥ്യമായാൽ നിലവിലെ ഹൈവേകളായ ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, എമിറേറ്റ്സ് റോഡുകൾ എന്നിവയുമായി പുതിയ ഫെഡറൽ പാത ബന്ധിപ്പിക്കും.
ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്‌എൻസി) ഊർജ-അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂഇയാണ് ഇതുസംബന്ധിച്ച നിർദേശം സമർപ്പിച്ചത്. പുതിയ ഹൈവേ നിർമിക്കണോ നിലവിലുള്ള പാതകൾ വികസിപ്പിക്കണോ എന്ന കാര്യം തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ദുബായിൽ നിന്നും വടക്കൻ എമിറേറ്റുകളിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാൻ പുതിയ ഹൈവേയിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണിക്കൂറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും ഗതാഗതത്തിരക്കിനുള്ള കാരണവും നിർമിത ബുദ്ധിയുടെ സഹായത്തോടെ 24 മണിക്കൂറും നിരീക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് ജൂണോടെ സമർപ്പിക്കും. പ്രാദേശിക നഗരസഭയുടെ സഹകരണത്തോടെയാകും പ്രവർത്തനങ്ങൾ. പുതിയ പാത നിലവിൽ വന്നാൽ എമിറേറ്റുകൾ തമ്മിലുള്ള യാത്രാ ദൈർഘ്യവും കുറയും.