അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഔപചാരികപരമായ വരവേൽപ്പ് നൽകി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ അദ്ദേഹത്തെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി. യു.എ.ഇ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. യു.എ.ഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച കുടുംബത്തോടൊപ്പമുള്ള ഊഷ്മളതയാണ് ഉളവാക്കുന്നതെന്നും കഴിഞ്ഞ 7 മാസത്തിനിടെ ഇത് അഞ്ചാംതവണയാണ് ഇരുവരും കണ്ടുമുട്ടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടിക്കാഴ്ചയെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രങ്ങൾ കൈമാറി.ഉഭയകക്ഷി നിക്ഷേപ കരാർ, ഇലക്ട്രിക്കൽ ഇന്റർ കണക്ഷൻ , വ്യാപാര മേഖലകളിലെ സഹകരണം , ഇന്ത്യാ മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച കരാർ, ഡിജിറ്റൽ അടിസ്ഥാന സൗകര്യ പദ്ധതികളിൽ സഹകരണം സംബന്ധിച്ച ധാരണാ പത്രം , ഇൻസ്റ്റന്റ് പെയ്മെന്റ് പ്ലാറ്റ്ഫോമുകളായ യു.പി.ഐ , എ.എ.എൻ.ഐ എന്നിവയുടെ ബന്ധിപ്പിക്കൽ , ആഭ്യന്തര ഡെബിറ്റ് ക്രഡിറ്റ് കാർഡുകളായ റുപ്പെയും ജയ് വാനും തമ്മിൽ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച കരാർ എന്നിവയാണ് ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ കൈമാറിയത്.