ദുബായ്: യുഎഇയിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വിദഗ്ധർ. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ധാരാളം വെള്ളം കുടിക്കുകയും അയഞ്ഞ പരുത്തി വസ്ത്രം ധരിക്കുകയും വേണം. പകൽസമയത്ത് പുറത്തിറങ്ങുന്നവർ സൺഗ്ലാസ് ധരിക്കുകയും സൺസ്ക്രീൻ പുരട്ടുകയും വേണമെന്നും അധികൃതർ നിർദേശിച്ചു.
കടുത്ത ചൂടിൽ ജോലി ചെയ്യുന്നവരും വിനോദത്തിനായി പുറത്തു പോകുന്നവരും വാഹനം ഓടിക്കുന്നവരുമെല്ലാം അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. ചൂട് വർദ്ധിക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കും. ഇത് തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കും. ശരീരത്തിൽ ഉപ്പിന്റെയും ജലത്തിന്റെയും അളവ് കുറയുന്നതും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. പ്രായമായവരും കുട്ടികളും കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അത്യാവശ്യം പുറത്തുപോകേണ്ടി വന്നാൽ കുട ഉപയോഗിക്കുക.
2 നേരം കുളിക്കുന്നതും ശരീരോഷ്മാവ് ക്രമീകരിക്കാൻ സഹായിക്കും. ഭക്ഷണത്തിൽ പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തണം. ഉയർന്ന ചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം. ചൂട് സമയങ്ങളിൽ അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.