ദുബായിൽ വൈദ്യുതവാഹന (EV ) ചാർജർ ഉപയോഗം വർദ്ധിച്ചതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഗ്രീൻ ചാർജർ വഴിയുള്ള ഇവി ചാർജിങ് 2024-ലെ ആദ്യ മൂന്നുമാസത്തെ അപേക്ഷിച്ച് ഈവർഷം 23.6 ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഈ വർഷം ആദ്യപാദത്തിൽ ദേവ 39,159 മെഗാവാട്ട് വൈദ്യുതി ഇവി ചാർജിങിനായി അനുവദിച്ചിട്ടുണ്ട്. ഇത് ഏകദേശം 19.5 കോടി കിലോമീറ്റർ ദൂരം വൈദ്യുത വാഹനങ്ങൾക്ക് ഓടാനുള്ള വൈദ്യുതിയാണ്.
കാർബൺ കുറച്ചുകൊണ്ട് രാജ്യത്ത് ‘ഗ്രീൻ മൊബിലിറ്റി’ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും കാർബണിൻ്റെ അളവ് ഇല്ലാതാക്കി പൂർണമായും ഗ്രീൻ മൊബിലിറ്റി സാധ്യത തേടുകയാണ് ലക്ഷ്യമെന്നും സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 2015 മുതൽ ദുബായിൽ വൈദ്യുത വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായവർധന ഉണ്ടായിട്ടുണ്ട്.