ബഹ്റൈൻ അതിർത്തിക്കുള്ളിൽ ഇന്ന് ശനിയാഴ്ച പുലർച്ചെ ഉണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും മന്ത്രാലയം പ്രസ്താവിച്ചു.
അന്താരാഷ്ട്ര സമൂഹവും പ്രാദേശിക ശക്തികളും മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ പ്രകോപനമുണ്ടായതെന്നും, സമാധാന ശ്രമങ്ങളെ തകർക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം തഹ്റാനാണെന്നും ബഹ്റൈൻ കുറ്റപ്പെടുത്തി.കഴിഞ്ഞ ജൂൺ 17-ന് ഒപ്പുവെച്ച ‘ഇസ്ലാമാബാദ് ധാരണാപത്രം’ (Islamabad MoU) പ്രകാരം സൈനിക നീക്കങ്ങൾ പൂർണ്ണമായും നിർത്തലാക്കാനും അയൽരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും ഇറാൻ ബാധ്യസ്ഥരായിരുന്നു. എന്നാൽ ഈ രാജ്യാന്തര കരാറുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വന്തം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ബഹ്റൈന് പൂർണ്ണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ അധികൃതർ, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) അടിയന്തരമായി ഇടപെട്ട് പ്രമേയങ്ങൾ നടപ്പിലാക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.





