യുഎഇയിൽ വേനൽച്ചൂട് കനക്കുന്ന പശ്ചാത്ത ലത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നനങ്ങൾ തടയുന്നതിനുമായി ദുബായ് പോലീസ് ‘ഷേഡ് ആൻഡ് റിവാർഡ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
വരും മാസങ്ങളിൽ തൊഴിലാളികൾ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ മേഖലകളിൽ ആഴ്ചതോറും ഈ പദ്ധതി നടപ്പിലാക്കും. ഇതിലൂടെ തൊഴിലാളികൾക്ക് കുടകൾ, തണുത്ത പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ വിതരണം ചെയ്യും. രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവും കരുതലും പ്രകടിപ്പിക്കുന്നതാണ് ഈ മാതൃകാപരമായ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യദിനത്തിൽ അറുന്നൂറിലധികം തൊഴിലാളികളാണ് ഇതിന്റെ ഭാഗമായത്.
യു.എ.ഇ മന്ത്രാലയം (MoHRE) പ്രഖ്യാപിച്ചിട്ടുള്ള ഉച്ചവിശ്രമ നിയമത്തിന്റെ (Midday Work Ban – ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിലുള്ള ജോലികൾക്കുള്ള നിരോധനം) പ്രാധാന്യവും ഈ കാമ്പയിനിലൂടെ ഓർമ്മിപ്പിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പ്രാബല്യത്തിലുള്ളത്.
രാജ്യത്തിന്റെ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകുന്ന തൊഴിലാളികളോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കാനും അവരുടെ ജോലിസ്ഥലങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഇത്തരം പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ അഹമ്മദ് ബുഹാജീർ വ്യക്തമാക്കി. പോലീസിന്റെ ഈ കാരുണ്യപ്രവർത്തിക്ക് തൊഴിലാളികൾ നന്ദി അറിയിച്ചു.





