ഷാർജയിലെ അൽ ഖാൻ, അൽ മംസാർ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ വിപുലീകരിക്കുന്നതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ച് മേഖലകളിലായി ആകെ 1,222 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും.
അൽ ഖാനിൽ രണ്ട് പാർക്കിംഗ് ഏരിയകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായതായി ഷാർജ സിറ്റി മുൻസിപ്പാലിറ്റി പാർക്കിംഗ് സർവീസസ് മേധാവി ഖാലിദ് അൽ ഹമ്മാദി അറിയിച്ചു. ഇവിടെ 682 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കും.
അൽ ഖാനിലും അൽ മംസാറിലുമായി 540 വാഹനങ്ങൾ കൂടി ഉൾക്കൊള്ളാൻ ശേഷിയുള്ള മറ്റ് മൂന്ന് പാർക്കിംഗ് ഏരിയകളുടെ നിർമ്മാണ പ്രവൃത്തികൾ നിലവിൽ പുരോഗമിക്കുകയാണ്. ഇതോടെ അഞ്ച് കേന്ദ്രങ്ങളിലുമായി ആകെ പാർക്കിംഗ് ശേഷി 1,222 ആയി ഉയരും. ഷാർജ റേഡിയോയുടെ ‘ഡയറക്ട് ലൈൻ’ പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് അൽ ഹമ്മാദി ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ജനസാന്ദ്രത ഏറിയ ഈ പ്രദേശങ്ങളിൽ പാർക്കിംഗ് സേവനങ്ങളും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഷാർജ മുൻസിപ്പാലിറ്റി നടപ്പിലാക്കി വരുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വികസനം.






