ലോകമെമ്പാടുമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിദഗ്ധർക്കും നവസംരംഭകർക്കുമായി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘ക്രിയേറ്റ് Ai ഏജന്റ്സ് ചാമ്പ്യൻഷിപ്പ്’ (Create AI Agents Championship) ഔദ്യോഗികമായി പ്രഖ്യാപിച്ചു. 25 ലക്ഷം ദിർഹത്തിലധികം (Dh2.5 million) സമ്മാനത്തുകയുള്ള ഈ ആഗോള മൽസരത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.
യഥാർത്ഥ ഉപയോക്താക്കളുടെയും വിപണിയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എഐ-അസിസ്റ്റഡ് സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുക, പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, അവ വിജയകരമായ വാണിജ്യ ഉൽപ്പന്നങ്ങളാക്കി മാറ്റുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സാങ്കേതിക രംഗത്ത് വൈദഗ്ധ്യമുള്ളവർക്കും അല്ലാത്തവർക്കും ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും പങ്കെടുക്കാം. പ്രായപരിധിയില്ല. വ്യക്തികൾക്കോ ടീമുകൾക്കോ തങ്ങളുടെ ആശയങ്ങളോ പ്രോട്ടോടൈപ്പുകളോ പ്രാരംഭ ഉൽപ്പന്നങ്ങളോ അവതരിപ്പിക്കാം. നിലവിലുള്ള കമ്പനികൾക്കും പുതിയ എഐ സൊല്യൂഷനുകളുമായി പങ്കെടുക്കാം. (എന്നാൽ പൂർണ്ണമായി വിപണിയിലെത്തിച്ച ഉൽപ്പന്നങ്ങൾക്ക് പ്രവേശനമില്ല).
മത്സര വിഭാഗങ്ങൾ (Categories):
Best Societal AI Agent: വിദ്യാഭ്യാസം, സുസ്ഥിരത, സാമൂഹിക ഐക്യം എന്നിവ ലക്ഷ്യമിട്ടുള്ളവ.
Best Personal AI Agent: വ്യക്തിഗത ഉൽപ്പാദനക്ഷമത, ആരോഗ്യം, ദൈനംദിന ജീവിതം എന്നിവ മെച്ചപ്പെടുത്തുന്നവ.
Best Business AI Agent: പൊതു-സ്വകാര്യ മേഖലകളിലെ വർക്ക്ഫ്ലോകളും ഉപഭോക്തൃ സേവനങ്ങളും മെച്ചപ്പെടുത്തുന്നവ.
Best Youth AI Agent: 21 വയസ്സിന് താഴെയുള്ള യുവ പ്രതിഭകൾക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗം.
സമ്മാനത്തുക:
നാല് വിഭാഗങ്ങളിലെയും വിജയികൾക്ക് അവരവരുടെ പ്രോജക്റ്റുകൾ വികസിപ്പിക്കുന്നതിനായി 5,50,000 ദിർഹം വീതം ഗ്രാൻ്റ് ലഭിക്കും.
ഇതിൽ ഏറ്റവും മികച്ച ഒന്നാമന് ‘AI Agent of the Year’ പദവിയും അധികമായി 10 ലക്ഷം ദിർഹവും സമ്മാനമായി ലഭിക്കും. മൊത്തം സമ്മാനത്തുക 2.5 ദശലക്ഷം ദിർഹത്തിലധികമാണ്.
പ്രധാന തീയതികളും പരിശീലനവും: ഇന്ന് മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. നവംബറിൽ ഡിജിറ്റൽ അക്കാദമി വഴി വിപുലമായ പരിശീലന കോഴ്സുകളും വർക്ക്ഷോപ്പുകളും മെന്ററിംഗ് സെഷനുകളും നടക്കും. പ്രോട്ടോടൈപ്പും അവതരണ വീഡിയോയും സമർപ്പിച്ച് 2026 ഡിസംബറോടെ രജിസ്ട്രേഷൻ നടപടികൾ അവസാനിക്കും.






