മലയാളിയായ ഡോ. എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍. നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ തുറവൂരാണ് സ്വദേശം. ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്.
കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രഞ്ജരെയാണ് ഐഎസ്ആര്‍ഒ ചെയര്‍മാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ സോമനാഥിനെ തിരഞ്ഞെടുക്കാന്‍ കാരണം. എംജികെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് നേരത്തെ ഐഎസ്ആര്‍ഒ ചെയര്‍മാൻ പദവിയിലെത്തിയ മലയാളികള്‍.