വ്യാജ ഫാസ്റ്റ് ഫുഡ് വെബ്‌സൈറ്റിൽ 14 ദിർഹത്തിന് ഭക്ഷണം ഓർഡർ ചെയ്ത ദുബായ് സ്വദേശിക്ക് 14,000 ദിർഹം നഷ്ടമായി. 13 വർഷമായി ദുബായിൽ താമസിക്കുന്ന രാഹുൽ ഖില്ലാരെക്കാണ് 14,000 ദിർഹം നഷ്ടമായത്.
സാധാരണയായി ഇദ്ദേഹം ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമുകളിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുകയും ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഭക്ഷണം വാങ്ങുകയും ചെയ്യാറുണ്ട്. പക്ഷെ ഇത്തവണ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കണ്ട ഒരു കോംബോ ഭക്ഷണത്തിന് 14 ദിർഹം എന്ന ആകർഷകമായ പരസ്യത്തിൽ വീണു പോകുകയായിരുന്നു. വ്യാജ വെബ്സൈറ്റ് ആണെന്ന് അറിയാതെ ഉടൻ തന്നെ ലിങ്കിൽ ക്ലിക്കുചെയ്‌ത് കോംബോ ഓഫർ വാങ്ങുന്നതിനായി ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകുകയായിരുന്നു
അദ്ദേഹത്തിന് ഉടൻ തന്നെ ഒരു ഞെട്ടിക്കുന്ന സന്ദേശം ലഭിച്ചു.14 ദിർഹത്തിന് പകരം തന്റെ കാർഡിലെ 14,000 ദിർഹം നഷ്ടപ്പെട്ടതായിട്ടുള്ള സന്ദേശമായിരുന്നു അത്. ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ യഥാർത്ഥ വെബ്‌സൈറ്റിന് സമാനമായി തോന്നിക്കുന്ന ഒരു വ്യാജ വെബ്‌സൈറ്റിലായിരുന്നു രാഹുൽ ക്ലിക്ക് ചെയ്തത്.
തട്ടിപ്പിനെക്കുറിച്ച് ഖില്ലരെ ബാങ്കിനെ അറിയിക്കുന്നതിന് മുമ്പ് വ്യാജ വെബ്സൈറ്റ് നിർമ്മിച്ച തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിരുന്നു. യു എ ഇയിൽ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അധികൃതർ നിരവധി തവണ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പല ആളുകളും ഇപ്പോഴും വ്യാജന്മാരെ തിരിച്ചറിയാതെ ആകർഷകമായ പരസ്യത്തിൽ വീണുപോകുന്നുണ്ട്. ഒരു കാരണവശാലും അനധികൃത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും കാർഡ് വിശദാംശങ്ങൾ നൽകരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.