മംഗളൂരുവിൽ നിന്ന് ദുബായിലേയ്ക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് IX 814 വിമാനം യാത്രക്കാരെ കയറ്റിയ ശേഷം പറക്കാതെ ഇരുന്നത് മണിക്കൂറുകളോളം. ഇന്നലെ രാത്രി 11.05ന് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് മൂന്ന് മണിക്കൂറോളം പറക്കാതെ യാത്രക്കാരെ വിമാനത്തിനകത്ത് ദുരിതത്തിലാക്കി ഇരുത്തിയത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും പൂർത്തിയാക്കി വിമാനത്തിനകത്ത് കയറ്റിയ ശേഷമാണ് സാങ്കേതിക തകരാർ മൂലം വിമാനം വൈകുമെന്ന് അറിയിച്ചത്. വിശന്നുവലഞ്ഞ കുട്ടികൾ മണിക്കൂറോളം നിർത്താതെ കരഞ്ഞ ശേഷം പലരും ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു.കണ്ണൂർ, കാസര്‍കോട് സ്വദേശികളടക്കമുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് മൂന്ന് മണിക്കൂറോളം വിമാനത്തിനകത്ത് ചൂടു സഹിച്ച് കാത്തിരിക്കേണ്ടി വന്നത്.
യാത്രക്കാരെ പുറത്തിറക്കി വിടാനോ അവർക്ക് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നൽകാനോ അധികൃതർ തയാറായില്ല. ഒടുവിൽ ഇന്ത്യൻ സമയം പുലർച്ചെ 1.45നായിരുന്നു വിമാനം പറന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് യാത്രക്കാർക്ക് യാതൊരു സഹായ സഹകരണവും ലഭിച്ചില്ലെന്നും പറയുന്നു.