ഷാർജയിലെ കൽബ സിറ്റിയിൽ നിർമ്മാണത്തിലിരുന്ന സ്കൂളിൻ്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു.
അറബ്, ഏഷ്യൻ പൗരൻമാരായ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകാൻ റെസ്‌പോൺസ് ടീമുകൾ ദ്രുതഗതിയിൽ പ്രവർത്തിച്ചതായി കിഴക്കൻ മേഖലാ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ ഡോ. അലി അൽ ഖമൂദി പറഞ്ഞു. മരിച്ച രണ്ട് തൊഴിലാളികളുടെ മൃതദേഹം അപകടസ്ഥലത്ത് നിന്ന് മാറ്റി.
ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, കൽബ കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷൻ, ക്രൈം സീൻ ടീം, നാഷണൽ ആംബുലൻസ്, കൽബ സിറ്റി മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ എല്ലാ പ്രത്യേക സംഘങ്ങളും സംഭവസ്ഥലത്ത് എത്തിയിരുന്നു.
സ്പെഷ്യലൈസ്ഡ് ടീമുകൾ സൈറ്റ് പൂർണ്ണമായും വൃത്തിയാക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവർക്ക് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തിരുന്നു.
അപകടത്തിൻ്റെ സാഹചര്യം നിർണ്ണയിക്കാൻ അന്വേഷണം തുടരുകയാണെന്ന് ഷാർജ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.