ഷാർജ: ഹെൽത്തി സിറ്റീസ് നെറ്റ്‌വർക്ക് സ്ഥാപിക്കാനൊരുങ്ങി ഷാർജ. ഷാർജ കൗൺസിൽ ചൊവ്വാഴ്ച സിറ്റി കൗൺസിലുമായി നടത്തിയ യോഗത്തിൽ ഇതിന് അംഗീകാരം നൽകി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഹെൽത്ത് സിറ്റീസ് നെറ്റ്‌വർക്ക് സ്ഥാപിക്കുന്നത്.
ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ പ്രായക്കാർക്കും സേവനം നൽകുന്നതിനും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഘടകങ്ങളും സൗകര്യങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റിസ് പ്രോഗ്രാമിന് അനുസൃതമായി ഷാർജയിലെ എല്ലാ മേഖലകളിലും ആരോഗ്യവും ക്ഷേമവും പിന്തുണയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.
ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്.