മാതാപിതാക്കളുടെ അശ്രദ്ധയെത്തുടർന്ന് ബാൽക്കണിയുടെ അരികിലെത്തിയ രണ്ട് വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തിയ യുവതിയെ അജ്മാൻ പോലീസ് ആദരിച്ചു
അജ്മാനിൽ ഒരു അറബ് പ്രവാസിയായ യുവതി തന്റെ ജനാലയ്ക്കരികിൽ നിൽക്കുമ്പോൾ എതിർ കെട്ടിടത്തിന്റെ ബാൽക്കണിയുടെ അരികിലെ കസേരയിൽ ഒരു ചെറിയ കുട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അജ്മാൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടി ബാൽക്കണിയുടെ അരികിലെത്താനുള്ള കാരണം മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണെന്ന് പോലീസ് കണ്ടെത്തി.
തുടർന്ന് 2 വയസ്സുള്ള കുട്ടിയുടെ ജീവന് ഭീഷണിയായ അശ്രദ്ധയ്ക്ക് മാതാപിതാക്കളെ വിളിച്ചു വരുത്തി പോലീസ് അവർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
കുട്ടിയുടെ സാഹചര്യം മനസിലാക്കി പോലീസിനെ അറിയിച്ച അറബ് പ്രവാസിയായ യുവതിയെ പെട്ടെന്നുള്ള സഹജാവബോധത്തിനും നല്ല പെരുമാറ്റത്തിനും അജ്മാൻ പോലീസ് ആദരിച്ചു. അജ്മാൻ പോലീസിന്റെ ജനറൽ കമാൻഡിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഓപ്പറേഷൻസ് കമാൻഡർ അബ്ദുല്ല സെയ്ഫ് അൽ-മത്രൂഷി യുവതിയുടെ സുരക്ഷാ ബോധത്തെയും പെട്ടെന്നുള്ള പ്രതികരണത്തെയും പ്രശംസിച്ചു.
കുട്ടികളുടെ സുരക്ഷയും വീഴ്ചയിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുന്നതിന് മാതാപിതാക്കൾ വീടുകളിലെ ബാൽക്കണി പോലുള്ള സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഒരുക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു