മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഖനിയിലെ ജലം വറ്റിക്കുന്നതിനായി എത്തിച്ച ഉയർന്ന കുതിര ശേഷിയുള്ള 13 പമ്പുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തന സജ്ജമാക്കിയിട്ടുള്ളൂ. കോൾ ഇന്ത്യയുടെയും കിർലോസ്കറിന്റെയും മൂന്നു പമ്പുകൾ കൂടി ഇന്നു ഉപയോഗിക്കുമെന്ന് രക്ഷാപ്രവർത്തന ദൗത്യത്തിന്റെ വക്താവ് ആർ. സുസാംഗി പറഞ്ഞു.
ഡിസംബർ 13-നാണ് കിഴക്കൻ ജൈന്തിയ ഹില്ലിലെ ലുംതാരി ഗ്രാമത്തിലെ അനധികൃത കൽക്കരി ഖനിയിൽ 15 തൊഴിലാളികൾ കുടങ്ങിയത്. 370 അടി താഴ്ചയുള്ള ഖനിയിൽ നൂറ് അടിയോളം വെള്ളം കെട്ടിക്കിടക്കുകയാണ്. ഖനിയിലെ ജലനിരപ്പ് നൂറടിയിൽ എത്തിയാൽ മാത്രമേ മുങ്ങൽ വിദഗ്ധർക്ക് തെരച്ചിൽ ആരംഭിക്കാനാവൂ.