ദുബായ്: രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും നേരെ ഇറാൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനകളെയും ഭീഷണികളെയും ശക്തമായ അപലപിച്ച് യുഎഇ. യുഎഇയുടെ സ്വതന്ത്രമായ തീരുമാനങ്ങളെയും ആഭ്യന്തര സുരക്ഷയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
യുഎഇയുടെ രാജ്യാന്തര പ്രതിരോധ പങ്കാളിത്തങ്ങളും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളും രാജ്യത്തിന്റെ പരമാധികാരത്തിൽപ്പെട്ട കാര്യമാണ്. ഇതിനെ മറ്റൊരു രാജ്യവും ഭീഷണിപ്പെടുത്താനുള്ള ഒഴികഴിവായി ഉപയോഗിക്കാൻ അവകാശമില്ല. ജനവാസ കേന്ദ്രങ്ങൾക്കോ ജനങ്ങൾക്കോ രാജ്യത്തിന്റെ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ നിലപാടുകൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ല. നല്ല അയൽപക്ക ബന്ധങ്ങൾക്കും രാജ്യാന്തര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്കും വിരുദ്ധമാണ് ഇത്തരം പെരുമാറ്റങ്ങളെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ശത്രുതാപരമായ നീക്കങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനും പരമാധികാരം നിലനിർത്താനുമുള്ള അവകാശം യുഎഇക്കുണ്ട്. സമ്മർദ്ദ തന്ത്രങ്ങളോ പക്ഷപാതപരമായ പ്രസ്താവനകളോ ഭീഷണികളോ തങ്ങളുടെ നിലപാടുകളിൽ നിന്ന് രാജ്യത്തെ പിന്നോട്ടടിപ്പിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.





