ദുബായിലെ ആദ്യത്തെ സ്‌മാർട്ട് ബസ് സ്റ്റേഷൻ തുറന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA). മാൾ ഓഫ് എമിറേറ്റ്സിലാണ് 24 മണിക്കൂറും സേവനം നൽകുന്ന അതി നൂതനമായ ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയ സ്‌മാർട്ട് ബസ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.
പൊതു ഗതാഗതം കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി. മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള 11 ബസ് റൂട്ടുകളാണ് ഇവിടെ നിന്ന് സർവീസ് നടത്തുക. അൽ ബർഷ, ജുമൈറ വില്ലേജ് സർക്കിൾ, അറേബ്യൻ റാഞ്ചസ്, ദുബായ് സയൻസ് പാർക്ക്, ദുബായ് സ്റ്റുഡിയോ സിറ്റി, അൽ ബർഷ, ഉമ്മു സുഖൈം, അൽ സുഫൂഹ്, അൽ മനാറ, അൽ ഖൂസ്, അൽ ഗുബൈബ, ദി ഗ്രീൻസ്, മിറാക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ് തുടങ്ങിയ നിരവധി പ്രധാന താമസ, വാണിജ്യ, വിനോദ മേഖലകളുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ് ഈ ബസ് റൂട്ടുകൾ.
147 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബസ് സ്റ്റേഷനിൽ യാത്രക്കാരും ബസ് ഡ്രൈവർമാരും അടക്കം 20 പേർക്ക് വിശ്രമിക്കാൻ സ്ഥലമുണ്ട്. പരമ്പരാഗത ബസ് സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്‌തമായി പൂർണമായും ഡിജിറ്റലൈസ് ചെയ്തതാണ് പുതിയ ബസ് സ്റ്റേഷൻ. എല്ലാ ഉപഭോക്താക്കൾക്കും സംവേദനാത്മക സംവിധാനങ്ങളിലൂടെ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് ബസ് സ്റ്റേഷൻ്റെ രൂപകൽപന.






