ഗതാഗതം മെച്ചപ്പെടുത്തുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനുമായി ഷാർജ എമിറേറ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിനെ മലീഹ റോഡുമായി ബന്ധിപ്പിക്കുന്ന 140 മില്യൺ ദിർഹം ചെലവിൽ നിർമ്മിക്കുന്ന പാലത്തിന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) ചെയർമാൻ എഞ്ചിനീയർ യൂസഫ് ഖാമിസ് അൽ ഒത്മാനി ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിന്റെയും മലിഹ റോഡിന്റെയും ഇന്റർസെക്ഷനിൽ നിന്നും, മലിഹ റോഡിൽ നിന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പാലത്തിലേക്ക് നീളുന്ന മൂന്ന് വരികളാണ് പാലത്തിലുള്ളതെന്ന് അൽ ഒത്മാനി പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പൂർത്തിയാകാൻ ഒരു വർഷമെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിനും യാത്രാ സമയം ഏകദേശം ഒമ്പത് മിനിറ്റ് കുറയ്ക്കുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






