ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിൽ വാഹനാപകടം. ട്രക്കിലേക്ക് മിനിബസ് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഏഴ് പേർ മരണപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയ ട്രക്കിലേക്ക് പിന്നാലെ വന്ന മിനിബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ബസ് ഡ്രൈവറിന്റെ അശ്രദ്ധയും സുരക്ഷിതമായ അകലം പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമായത്. അപകടവിവരം അറിഞ്ഞയുടൻ ട്രാഫിക് പട്രോളിംഗും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയതായി ദുബൈ പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. പരിക്കേറ്റ ഒൻപത് പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.






